സംസ്ഥാന കർഷക അവാർഡ് - ശ്രീ.സി അച്ചുതമേനോൻ സ്മാരക അവാർഡ്

3.63 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ  കൃഷിഭൂമിയുള്ള ഉളിക്കൽ ഗ്രാമപഞ്ചായത്ത്, കാർഷിക ഉത്പാദനത്തിനൊപ്പം കാർഷിക വിഭവങ്ങളുടെ സംസ്കരണത്തിനും മൂല്യവർധനയ്ക്കും വലിയ പ്രാധാന്യം നൽകുന്നു.

ജൈവകൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന കാർഷിക വിളകളെ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റി വിദേശ വിപണികളിൽ ഉൾപ്പെടെ എത്തിക്കുന്ന എലമെന്റ് ഹോംസ്റ്റഡ് പ്രോഡക്ട്സ് പോലുള്ള സംരംഭങ്ങൾ മലയോര കർഷകരുടെ ഉത്പന്നങ്ങൾക്ക് പുതിയ വിപണന സാധ്യതകൾ തുറന്നുകൊടുക്കുന്നു.

ചക്ക, വാഴക്കൂമ്പ്, വാഴക്കുല, വിവിധ ഇലവർഗങ്ങൾ, മുരിങ്ങക്കായ, കപ്പ തുടങ്ങിയ പ്രാദേശിക കാർഷിക വിഭവങ്ങളെ റെഡി-ടു-ഈറ്റ് ഉൽപ്പന്നങ്ങളാക്കി മാറ്റുന്ന ഈറ്ററി മലബാറിക്കസ്, ചെറുധാന്യങ്ങൾ മുളപ്പിച്ച് ഉണക്കി പൊടിച്ച് പാക്ക് ചെയ്ത് വിപണിയിലെത്തിക്കുന്ന റിയൽസ് ഫ്ലവർ മിൽ, കുടുംബശ്രീയുടെ വിജയഗാഥ രചിച്ച കോളിത്തട്ട് നവജ്യോതി ഓയിൽ ആൻഡ് ഫ്ലവർ മിൽ തുടങ്ങിയ സംരംഭങ്ങളും ഉളിക്കലിന്റെ കാർഷിക-സംരംഭകത്വ മുന്നേറ്റത്തിന്റെ മികച്ച ഉദാഹരണങ്ങളാണ്.

സംയോജിത കൃഷിരീതിയിലൂടെ ദേശീയതലത്തിൽ ഉൾപ്പെടെ അംഗീകാരം നേടിയ ഷിജി ജയിംസിന്റെ ഉടമസ്ഥതയിലുള്ള റിച്ചൂസ് ഡയറി ഫാം ഉൾപ്പെടെ, മലയോരത്തിന്റെ കാർഷിക സമ്പത്തിനെ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റുന്ന നിരവധി സംരംഭങ്ങൾ ഇന്ന് ഉളിക്കലിന്റെ അഭിമാനമായി മാറിയിരിക്കുന്നു.

ഇതിനുപുറമെ, നൂറിലധികം ചെറുകിട സംരംഭങ്ങളും, നുച്യാട് പ്രവർത്തിക്കുന്ന കശുവണ്ടി ഫാക്ടറിയും, വിവിധ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും പുതിയ സംരംഭകർക്ക് അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നിർമ്മാണം പൂർത്തിയാക്കിയ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റും ഉളിക്കലിന്റെ വികസന മുന്നേറ്റത്തിന് കൂടുതൽ കരുത്തുപകരുന്നു.

കർഷകനെ വെറും ഉത്പാദകനായി കാണാതെ, കർഷകനെ കാർഷിക സംരംഭകനാക്കി മാറ്റുക എന്ന ലക്ഷ്യത്തിലേക്കുള്ള ഉളിക്കൽ ഗ്രാമപഞ്ചായത്തിന്റെ യാത്രയുടെ പ്രതീകങ്ങളാണ് ഈ പ്രവർത്തനങ്ങളും സംരംഭങ്ങളും.

മണ്ണിനെയും കർഷകനെയും കാർഷിക സംസ്കാരത്തെയും ചേർത്തുപിടിച്ച്, കൃഷിയെ ഉപജീവനമാർഗം എന്നതിലുപരി ഒരു സംരംഭകത്വ സാധ്യതയായി ഉയർത്തിക്കൊണ്ടുവരുന്ന ഉളിക്കൽ ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ പുരസ്കാരം.

ഈ പുരസ്കാരം ഒരു പഞ്ചായത്തിനുള്ള അംഗീകാരം മാത്രമല്ല; മണ്ണിൽ അധ്വാനിക്കുന്ന ഓരോ കർഷകനുമുള്ള ആദരവുകൂടിയാണ്.